Current Edition

വൈദ്യസംവാദം ജനുവരി - മാർച്ച് 2026

athena
Featured Topic : പ്രഭാവവും വിചിത്രപ്രത്യാരാബ്ധതയും
Edition : Jan-Mar, 2026

മുഖമൊഴി

2026 വര്‍ഷത്തെ ആദ്യലക്കമാണ് ഇത്. ഓണ്‍ലൈന്‍ ആയി ഇറക്കുന്ന രണ്ടാമത്തെ ലക്കം. ഇത് മുതല്‍ വൈദ്യസംവാദത്തിന് വ്യാപകമായ പ്രചരണം നല്‍കണമെന്ന് വിചാരിക്കുന്നു. വായനക്കാര്‍ ഓരോരുത്തരും അക്കാര്യം ശ്രദ്ധിയ്ക്കുമല്ലോ - ഇഷ്ടപ്പെട്ട ലേഖനങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചും അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തും.

ഇത്തവണയും ശ്രദ്ധേയമായ വായനാവിഭവങ്ങളുണ്ട്. വിചിത്രപ്രത്യയാബ്ധതയും പ്രഭാവവും തമ്മിലുള്ള താരതമ്യം എത്തിയ്ക്കുന്ന ആശയക്കുഴപ്പത്തിന് ഒരു പരിഹാരമാണ്, ഗുരുനാഥന്‍റെ ലേഖനം. വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുതന്നെ എഴുതിയതാണ് അത്. മഹാവൈദ്യന്മാര്‍ പരമ്പരയില്‍ തൃക്കോവില്‍ രാമവാരിയരെപ്പറ്റി പുത്രി ഭാരതി ടീച്ചര്‍ എഴുതുന്നു. തൃക്കോവില്‍ കുടുംബത്തില്‍ ധാരാളം വൈദ്യപണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. ഉഴുത്ര വാരിയര്‍, രാമവാരിയര്‍, അച്യുതവാരിയര്‍, കുഞ്ചുവാരിയര്‍ ഓരോരുത്തരും ചികിത്സ, ഗ്രന്ഥരചന, അധ്യാപനം എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരാണ്. ഉഴുത്ര വാരിയരെപ്പറ്റി മുന്‍ലക്കത്തില്‍ ലേഖനമുണ്ടായിരുന്നു. ഈ ലക്കത്തില്‍ ന്യായപണ്ഡിതനും കൂടിയായ രാമവാരിയരുടെ ജീവിതമാണ്, എഴുതപ്പെടുന്നത്. 

കഴിഞ്ഞ ലക്കംമുതല്‍ ആരംഭിച്ച പംക്തിയാണല്ലോ, മുഖാമുഖം. ഈ ലക്കത്തില്‍ പ്രഗത്ഭചികിത്സകനായ ഡോ. എം. ആര്‍. വാസുദേവന്‍ നമ്പൂതിരിയുമായിട്ടാണ്, സംവാദം. ചികിത്സയും സിദ്ധാന്തവും ഒത്തിണക്കുന്നത് എങ്ങിനെ എന്ന് മുഖാമുഖത്തില്‍ വായിയ്ക്കാം. ഉദ്ഗാരം എന്ന ലക്ഷണത്തെ വിശകലനം ചെയ്യുന്നതാണ് മറ്റൊരു ലേഖനം.

വീണ്ടും ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളാണ്, പുനര്‍വായനയിലെ ലേഖനങ്ങള്‍. മുടങ്ങിപ്പോയ ഈ പംക്തി വീണ്ടും തുടങ്ങുകയാണ്. ഗവേഷണത്തെപ്പറ്റി തിരുവനന്തപുരം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പളും പണ്ഡിതനുമായിരുന്ന കുമരകം പരമേശ്വരന്‍പിള്ള എഴുതിയതാണ്, ഇത്തവണ പുനഃപ്രസിദ്ധീകരിക്കുന്നത്.

പഴയ ലക്കങ്ങള്‍ സ്കാന്‍ ചെയ്ത് ലഭ്യമാക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഉടനെ അത് സാധിയ്ക്കും എന്ന് കരുതുന്നു.

ഈ ലക്കത്തിലേക്ക് ശാസ്ത്രകുതുകികളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

മുഖ്യപത്രാധിപര്‍