Featured Topic : ആയുർവേദവും ആധുനിക ശാസ്ത്രവും
Edition : Oct-Dec, 2025
മുഖമൊഴി
പ്രസിദ്ധീകരണം ആരംഭിച്ച് 24 വർഷങ്ങൾ പിന്നിടുമ്പോൾ വൈദ്യസംവാദം കാതലായ ഒരു ചുവടുമാറ്റത്തിന് മുതിരുകയാണ്. അച്ചടിച്ച പുസ്തകം എന്നതിൽ നിന്ന് സമ്പൂർണ്ണമായും ഓൺലൈൻ പ്രസിദ്ധീകരണം എന്ന രീതിയിലേക്കുള്ള ഒരു മാറ്റം. 2000 - ൽ ആണ് തിരുമുൽപ്പാട് ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചത്. അടുത്ത വർഷം, 2001 - ൽ, ഫൗണ്ടേഷന്റെ മുഖപ്രസിദ്ധീകരണമായി വൈദ്യസംവാദവും ആരംഭിച്ചു. ത്രൈമാസികമായിട്ടാണ് തുടങ്ങിയത്. മലയാളത്തിൽ ആയുർവേദ പ്രസിദ്ധീകരണങ്ങൾ വേണ്ടത്ര ഉള്ളപ്പോൾ പുതിയ ഒരു പ്രസിദ്ധീകരണത്തിന്റെ സാധുത അന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ നിലനിന്നിരുന്ന പ്രസിദ്ധീകരണങ്ങൾക്കിടയിൽ വൈദ്യസംവാദത്തിന്റെ ഇടം വളരെ കൃത്യതയോടെ നിശ്ചയിക്കപ്പെട്ട ഒന്നായിരുന്നു. ആയുർവേദത്തിന്റെ സിദ്ധാന്തം, സംസ്ക്കാരം, ചരിത്രം എന്നിങ്ങനെ നിജപ്പെടുത്തിയ മേഖലകളിൽ സഞ്ചരിക്കാനായിരുന്നു അതിന്റെ രൂപഘടന. ആ മേഖലകളാകട്ടെ അതിനുമുമ്പ് അത്ര നിർലോഭം സഞ്ചരിയ്ക്കപ്പെട്ടവ അല്ലായിരുന്നുതാനും.
‘രാജ് വിഹാറി’ൽ നടന്ന ലളിതമായ ചടങ്ങിൽ ഡോ. സി. കെ. രാമചന്ദ്രൻ ആണ് പ്രകാശനകർമ്മം നടത്തിയത്. മുഴുവൻസമയസന്നാഹങ്ങളുടെ കുറവ് പലപ്പോഴും പ്രസിദ്ധീകരണത്തിന്റെ കൃത്യതയെ ബാധിച്ചുവെങ്കിലും ഉള്ളടക്കത്തിന്റെ മൗലികത കൊണ്ട് വൈദ്യസംവാദം നല്ല വായനക്കാർക്കിടയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അടിസ്ഥാന സിദ്ധാന്തങ്ങളെ വിവരിച്ചും വിശകലനം ചെയ്തും ഉള്ള ഗുരുനാഥന്റെ ലേഖനങ്ങൾ, കാഴ്ചപ്പാടിലും പ്രയോഗത്തിലും ഒതുക്കവും തെളിച്ചവുമുള്ള ചികിത്സകരുടെ രചനകൾ, പുസ്തകപരിചയം, ചില പഠനക്കുറിപ്പുകളുടെ പുനർവായന, ചരകത്തിലൂടെ എന്ന പരമ്പര എന്നിങ്ങനെ ഒട്ടനവധി വിഭവങ്ങൾ അനുവാചകരെ അടുത്ത ലക്കത്തിന് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നവയായി. ഇടയിൽ ചില ‘പ്രത്യേക പതിപ്പു’കളും ഇറങ്ങി.
മുടങ്ങിയ സമയത്തെല്ലാം മാസിക കിട്ടാത്തതിനെപ്പറ്റിയുള്ള അന്വേഷണങ്ങൾ ധാരാളം ഉണ്ടായിരുന്നു എന്നത് യഥാർത്ഥത്തിൽ വൈദ്യസംവാദത്തിന് ഒരു കൃത്യമായ വായനക്കാരുടെ ശേഖരം ഉണ്ടായിവരുന്നുണ്ട് എന്നതിന്റെ സൂചനയായിട്ടാണ് ഞങ്ങൾ വിലയിരുത്തിയത്. പഴയ ലക്കങ്ങൾ തേടിയുള്ള അന്വേഷണങ്ങളും കുറവായിരുന്നില്ല. വൈദ്യസംവാദത്തിലെ ലേഖനങ്ങളെ ഉദ്ധരിച്ചുകൊണ്ടും പരാമർശനമാക്കിക്കൊണ്ടും പല പഠനക്കുറിപ്പുകളും പുറത്തിറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഇതെല്ലാം കുറേക്കൂടി ജാഗ്രതയോടെ പ്രവർത്തിക്കുവാൻ പ്രേരണയായി. 20…. മുതൽ കൃത്യതയോടെ മാസിക പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. അതിനനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങളും ഏറെക്കുറെ ഒത്തുവന്നു എന്നതും സഹായിച്ചു. സർവീസിൽ നിന്നുള്ള ഡോ. മുരളിയുടെ വിരമിക്കൽ ആയിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. മാസിക ഏറെക്കുറെ മുടക്കമില്ലാതെ തന്നെ പുറത്തിറക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.
വൈദ്യസംവാദത്തെ ഇക്കാലമത്രയും ചേർത്തുപിടിച്ച ഓരോരുത്തരെയും ഈ സമയത്ത് നന്ദിയോടെ ഓർക്കുകയാണ്. ഇതിൽ, അഭിനന്ദനങ്ങളും വിമർശനങ്ങളും അന്വേഷണങ്ങളും എല്ലാമുണ്ട്. എല്ലാം ഞങ്ങളെ പ്രചോദിപ്പിച്ചു എന്ന് പറയാൻ സന്തോഷം.
ഇപ്പോഴും വൈദ്യസംവാദത്തിന് പ്രവർത്തനപരിമിതികൾ ഒട്ടനവധിയുണ്ട്. തപാലിൽ കൃത്യമായി അയയ്ക്കുക എന്നത് അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. ഓൺലൈൻ രീതിയിലേക്ക് മാറുന്നതിന് പ്രേരകമായ പല ഘടകങ്ങളിൽ ഒന്ന് അതുതന്നെയാണ്. പിന്നെ, പുതിയ കാലത്തിന്റെ മാധ്യമരീതി അതാണ് എന്ന തിരിച്ചറിവും. കാലത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയുക എന്നത് ഏതൊരു പ്രസിദ്ധീകരണത്തിന്റെയും ചരിത്രപരമായ കടമ കൂടിയാണല്ലോ.
വായനക്കാരായി രജിസ്റ്റർ ചെയ്യുന്ന ഏതൊരാൾക്കും വായിക്കാൻ ഡൗൺലോഡ് ചെയ്യാനും പങ്കുവയ്ക്കാനും കഴിയുന്ന രീതിയിലുള്ള ഒരു സംവിധാനമാണ് മനസ്സിലുള്ളത്. ഇത് മുഴുവനായി നടപ്പിൽ വരാൻ സാങ്കേതികമായി എത്ര സമയമെടുക്കും എന്നതറിയാൻ ഞങ്ങളും കാത്തിരിക്കുകയാണ്. ഏതായാലും, ഇതോടെ വൈദ്യസംവാദം പുതിയ ഒരു ഘട്ടത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നു. ഈ മാറ്റത്തെ വായനക്കാരും മറ്റ് സഹയാത്രികരും ആവേശത്തോടെ സ്വീകരിയ്ക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഓൺലൈൻ ആയുർവേദ മാസിക എന്ന സ്ഥാനം ഇതോടെ വൈദ്യസംവാദത്തിനാവും എന്ന് തോന്നുന്നു. അതും അനല്പമായ സന്തോഷം തരുന്നതാണ്.
ഈ ലക്കം പ്രിന്റ് - ഓൺലൈൻ എഡിഷനുകളുടെ ഒരു സംക്രമണപ്പതിപ്പായി കരുതാം. ഓൺലൈൻ പതിപ്പിന്റെ പ്രചാരമാണ് ഈ പ്രിന്റ് എഡിഷന്റെ മുഖ്യലക്ഷ്യം. വൈദ്യ സംവാദത്തെ കൂടുതൽ മികച്ചതാക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. ഒരിക്കൽകൂടി എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്,
ആയുർവേദ സേവയിൽ
എം. പ്രസാദ്
ചീഫ് എഡിറ്റർ
മഹാനവമി/ വിജയദശമി 2025