ഞങ്ങളെക്കുറിച്ച്

ഞങ്ങളെക്കുറിച്ച്

മാസികയെക്കുറിച്ച്‌

വൈദ്യത്തിൻ്റെ ചരിത്രം സിദ്ധാന്തം സംസ്കാരം

ഉരുത്തിരിഞ്ഞതും പരുവം വന്നതുമായ കാലത്തെ അന്വേഷിക്കാതെ ഒരു വൈദ്യപഠനവും പൂർത്തിയാകുന്നില്ല. സാഹചര്യം സൃഷ്ടിക്കുന്ന പരിമിതികളെ എതിരിട്ടാണല്ലോ ഏത് അറിവിൻ്റേയും പിറവി. വൈദ്യവും അതിന് അപവാദമാകുന്നില്ല. കാലത്തിൻ്റെ മാറ്റങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളാതെ ശാസ്ത്രത്തിന് മുന്നേറാനാകില്ല.അല്ലെങ്കിൽ ഈ ഘടകങ്ങളാണ് അറിവിനെ വികസിപ്പിക്കുന്നത് എന്നും പറയാം.ഈ ക്രമവിന്യാസത്തെ മനസ്സിലാക്കാൻ ചരിത്രം പഠിച്ചാലേ സാധിക്കൂ.ഇത്തരം പഠനങ്ങൾ ശാസ്ത്രത്തിൻ്റെ ഭാവിരൂപങ്ങൾക്കുള്ള പടവുകൾ കൂടിയാണ്. ഈ വഴിക്കുള്ള ലക്ഷ്യബോധത്തോടെയുള്ള ഉദ്യമങ്ങൾ ആയുർ വേദത്തിൽ വിരളമാണെന്ന് കാണാം.
ചരിത്രത്തിൻ്റെ പടവുകൾ താണ്ടുമ്പോഴും മാറാതെ നിൽക്കുന്ന ഒരു 'സത്ത'യുണ്ട് ശാസ്ത്രത്തിന്.അതാണ് സിദ്ധാന്തം.മാറാതെ എന്ന് പറയുമ്പോൾ അതിനെ ആപേക്ഷികമായേ കാണാവൂ. മാറിയ സാഹചര്യങ്ങൾക്കനുസരിച്ച പ്രയോഗങ്ങൾക്ക് വേണ്ടി പരിഷ്കരിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഈ പരിഷ്ക്കാരങ്ങൾക്കടിയിലും നിലകൊള്ളുന്ന ചില സമീപനവ്യവസ്ഥകളുണ്ട്.അവയെ പഠനവിധേയമാക്കുക,രീതിശാസ്ത്രത്തെ മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. ത്രിദോഷസിദ്ധാന്തം ഇത്തരം പരിണാമങ്ങൾക്ക് വഴിപ്പെട്ട് തന്നെയാണ് വികസിച്ചത്.പ്രയോഗക്ഷമത തന്നെയാണല്ലോ സിദ്ധാന്തത്തിൻ്റെ കൃത്യത. ഇത് ശാസ്ത്ര സമൂഹത്തെ ഓർമ്മപ്പെടുത്തേണ്ട ഒന്നാണ്.
ജനസംസ്കാരത്തിൽ പ്രതിഫലിക്കാത്ത ശാസ്ത്രം സമൂഹത്തിൻ്റേതാകില്ല.ജീവിതരീതിയിലും  വിചാരധാരകളിലും വൈദ്യശാസ്ത്രം പ്രത്യേകിച്ചും പ്രതിഫലിക്കുന്നു.അതുകൊണ്ട് വൈദ്യത്തെ അളക്കാനും തൂക്കാനും സംസ്കാരപഠനം കൂടിയേ കഴിയൂ. 
ഈ പശ്ചാത്തലവിശേഷത്തിലാണ് വൈദ്യസംവാദത്തിൻ്റെ വിഷയനിശ്ചയം.